Tuesday, August 19, 2008

ദേശീയപതാകയുടെ കാവല്‍ക്കാരന്‍

ദേശീയപതാകയെ ദുരുപയോഗം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യുന്നത്‌ പാലാ സ്വദേശി എബി ജെ. ജോസ്‌ സഹിക്കില്ല. ദേശീയപതാകയുടെ അന്തസ്സ്‌ ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടവഴിയിലാണിദ്ദേഹം.യാദൃശ്ചികമായാണ്‌ എബിക്ക്‌ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുന്നത്‌. 95-ല്‍ മന്ത്രി എ.സി. ഷണ്‍മുഖദാസിനൊപ്പം ഒരു യാത്ര കഴിഞ്ഞ്‌ കാറില്‍ നിന്നിറങ്ങയപ്പോള്‍ ഡ്രൈവര്‍ കാറിലെ പതാക അഴിച്ചു മാറ്റുന്നു. അതവിടെത്തന്നെയിരുന്നാല്‍ എന്താണു കുഴപ്പം? സൂര്യന്‍ ഉദിച്ചശേഷവും അസ്‌തമിക്കുന്നതിനു മുമ്പുമുള്ള സമയത്തേ ദേശീയപതാക ഉയര്‍ത്താവൂ, ഉപയോഗിക്കാവൂ എന്ന്‌ ഷണ്‍മുഖദാസ്‌ നല്‍കിയ വിശദീകരണം എബിക്ക്‌ പുതിയ അറിവായിരുന്നു. ദേശീയപതാകയുടെ ഉത്ഭവം തുടങ്ങിയുള്ള കൂടുതല്‍ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു ശേഖരിക്കാന്‍ ആരംഭിക്കുകയും തെറ്റായോ അലക്ഷ്യമായോ ദേശീയപതാക ഉപയോഗിക്കുന്നവരെ കഴിഞ്ഞ 13 കൊല്ലമായി ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവരുന്നു.രാത്രി പാറിക്കളിക്കുന്ന ദേശീയപതാകകള്‍ എബി മുമ്പ്‌ കണ്ടിട്ടുണ്ട്‌. ചില സാമൂഹിക സംഘടനകളുടെ രാത്രിയോഗങ്ങളില്‍ ദേശീയപതാകയെ സ്വന്തം സംഘടനയുടെ പതാകയ്‌ക്കൊപ്പം മേശപ്പുറത്ത്‌ കുത്തിയിരിക്കുന്നതും എബിയുടെ കണ്ണില്‍ പതിഞ്ഞു. തലകീഴായി കെട്ടിയ പതാകകള്‍, കീറിപ്പറിഞ്ഞ പതാകകള്‍, പ്ലാസ്റ്റിക്കിലും മറ്റും അച്ചടിച്ച പതാകകള്‍, മുദ്രാവാക്യങ്ങള്‍ ആലേഖനം ചെയ്‌ത ദേശീയപതാകകള്‍... അങ്ങനെയെത്രയെത്ര അപമാനങ്ങള്‍. വ്യക്തമായ തെളിവുകളും രേഖകളും നിരത്തി എബി ഹൈക്കോടതിക്ക്‌ കത്തയച്ചു. അന്നത്തെ ചീഫ്‌ ജസ്റ്റീസ്‌ എ.ആര്‍. ലക്ഷ്‌മണന്‍ പരാതികത്ത്‌ റിട്ട്‌ ഹര്‍ജിയായി പരിഗണിച്ചു. 99-ല്‍ ജസ്റ്റീസ്‌ കെ.എസ്‌. രാധാകൃഷ്‌ണന്റെ ബെഞ്ച്‌ പരാതിക്ക്‌ അനുകൂല വിധി നല്‍കി. അക്കൊല്ലം സ്വാതന്ത്ര്യദിനത്തിനു മുമ്പ്‌ ഓഗസ്റ്റ്‌ 11-ന്‌ കോടതി ദേശീയപതാകയുടെ മഹത്വം എല്ലാവരെയും ഓര്‍മ്മിപ്പിച്ചു. അന്ന്യന്‍ എന്ന തമിഴ്‌സിനിമയുടെ പോസ്റ്ററില്‍ ദേശീയപതാക വികലമായി അച്ചടിച്ചതിനെതിരെ എബി ശക്തമായി പ്രതികരിച്ചു. ഫലമുണ്ടായി. പുതിയ പോസ്റ്ററുകള്‍ ഇറക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഫോര്‍മുല വണ്‍ കാറോട്ടക്കാരനായ നാരായണ്‍ കാര്‍ത്തികേയന്‍ ദേശീയപതാക ദുരുപയോഗം ചെയ്യുന്നുവെന്ന്‌ എബി ചൂണ്ടിക്കാട്ടി. ബാബു എം. പാലിശ്ശേരി എം.എല്‍.എ. വെബ്‌സൈറ്റില്‍ ദേശീയപതാക ഉപയോഗിച്ചതു എബി ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം ദേശീയപതാക പിന്‍വലിക്കുകയുണ്ടായി.എസിലോര്‍ എന്ന കണ്ണട ലെന്‍സ്‌ കമ്പനിയുടെ ടെലിവിഷന്‍ പരസ്യത്തില്‍ ദേശീയപതാക പരസ്യമായി ഉപയോഗിച്ചിരുന്നു. അതു എബിയുടെ പരാതിയെത്തുടര്‍ന്നു പിന്‍വലിച്ചു. സി.ഡി. കുത്തകഭീമന്‍ മോസര്‍ബെയര്‍ ദേശീയപതാക പശ്ചാത്തലമാക്കി `ദേശം' എന്ന സിനിമയുടെ സി.ഡി. പുറത്തിറക്കിയതും സ്‌പൈസ്‌ മൊബൈല്‍ ദേശീയപതാക പരസ്യത്തിനുപയോഗിച്ചതും തെറ്റാണെന്നുകാട്ടി എബി പരാതി ഉന്നയിച്ചപ്പോള്‍ ക്ഷമാപണം നടത്തി ദേശീയപതാക പരസ്യത്തില്‍നിന്നും മാറ്റി. ലോകായുക്തയുടെ സൈറ്റില്‍ ദേശീയപതാക പശ്ചാത്തലമാക്കിയതിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ദേശീയപതാക ദുരുപയോഗം ചെയ്‌തതിനുമെതിരെ പരാതി നല്‍കി കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്‌സിയില്‍ സ്വകാര്യ കമ്പനിയുടെ പരസ്യത്തിനു തിളക്കം നല്‍കുകയും ഇന്ത്യ എന്ന പേരിനു തിളക്കമില്ലാതെ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തതിനെതിരെ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിനും സ്‌പോര്‍ട്‌സ്‌ മന്ത്രാലയത്തിനും പരാതികൊടുത്തിട്ടുണ്ട്‌.തെറ്റായ രീതിയില്‍ ദേശീയപതാക ഉപയോഗിക്കുന്നതിനെതിരെ നൂറുകണക്കിനു പരാതികളാണ്‌ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ചെയര്‍മാനായ എബിയുടെ നേതൃത്വത്തില്‍ നല്‍കിയിട്ടുള്ളത്‌. ടെന്നീസ്‌ താരം സാനിയ മിര്‍സ, ക്രിക്കറ്റ്‌ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, സിനിമാതാരങ്ങളായ മന്ദിരബേദി, ശ്വേതാമേനോന്‍ മോഡല്‍ രാമിനി തുടങ്ങിയവരൊക്കെ ദേശീയപതാകയെ അവഹേളിച്ചപ്പോള്‍ പ്രതിഷേധവുമായി എബി രംഗത്തുവന്നു.സിനിമ, സീരിയല്‍ ഇവയില്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയേയും അവരുടെ കൊടിയും യഥാര്‍ത്ഥമായി ചിത്രീകരിക്കുന്നില്ല. എന്നാല്‍ അശോകചക്രവും ദേശീയപതാകയും യഥാര്‍ത്ഥമായി തന്നെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ എബി. ദേശീയപതാക ദുരുപയോഗിക്കുന്നത്‌ശ്രദ്ധയില്‍പ്പെടുത്താനായി ംംം.ലയ്യഷഷീലെ.യഹീഴുെീ.േരീാഎന്ന പേരില്‍ ഒരു വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്‌.ദേശീയപതാകയെപ്പറ്റി കുട്ടികളില്‍ അവബോധം വളര്‍ത്താന്‍ സ്‌കൂളുകളില്‍ പ്രചാരണമാരംഭിച്ചിരിക്കുകയാണ്‌ എബി. `മിഷന്‍ ഫ്‌ളാഗ്‌' എന്ന്‌ പേരിട്ടിരിക്കുന്ന ഈ പരിപാടിയിലൂടെ ഒരു കൊല്ലം കൊണ്ട്‌ പതിനായിരം സ്‌കൂളുകളില്‍ സന്ദേശമെത്തിക്കുക എന്നതാണ്‌ ലക്ഷ്യം.ദേശീയപതാകയുടെ മഹത്വം പ്രചരിപ്പിക്കുന്നതിനായി `റസ്‌പെക്‌ട്‌ നാഷണല്‍ ഫ്‌ളാഗ്‌ കാമ്പയിനും' എബി തുടക്കം കുറിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ്‌. ദേശീയപതാക ബോധവല്‍ക്കരണത്തിനായി ചില നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ചുകഴിഞ്ഞു.സ്വതന്ത്ര്യദിനം, റിപ്പബ്ലിക്‌ദിനം പോലെ ദേശീയപതാകദിനം ആചരിക്കുക, ദേശീയപതാകയുടെ മഹത്വത്തെക്കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവബോധമുണ്ടാക്കാന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന പൊതു പരീക്ഷളില്‍ ഒരു ചോദ്യമെങ്കിലും ദേശീയപതാക, ദേശീയഗാനം, ദേശീയചിഹ്നം എന്നിവയെക്കുറിച്ച്‌ ഉള്‍പ്പെടുത്തുക, സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കുക, സ്‌കൂളുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുകയും എല്ലാ ദിവസവും ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം ചെയ്യാന്‍ നിര്‍ദ്ദേശിക്കുക, പാഠ്യപുസ്‌തകങ്ങളുടെ ആമുഖക്കുറിപ്പില്‍ ദേശീയപതാക, ദേശീയഗാനം ഇവയെക്കുറിച്ച്‌ നിര്‍ബന്ധമായും ലഘുവിവരം നല്‍കുക, പി.ആര്‍.ഡി. മുഖാന്തരം ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു വിതരണം നടത്തുക തുടങ്ങിയവയാണ്‌ നിര്‍ദ്ദേശങ്ങള്‍.അധികാരികളും സാധാരണക്കാരും കണ്ടില്ലെന്ന്‌ നടിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ ജനമന:സാക്ഷിക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടി വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ്‌ എബി ജെ. ജോസ്‌. ആരും ഏറ്റെടുക്കാത്ത സാമൂഹ്യപ്രശ്‌നങ്ങളാണ്‌ എബിക്ക്‌ ഇഷ്‌ടം. ഭരണഘടന നല്‍കുന്ന അവകാശങ്ങളെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്ന നാം ഭരണഘടന പൗരനോട്‌ നിര്‍ദ്ദേശിക്കുന്ന കടമകളെ മറന്നു പോകരുതെന്നാണ്‌ ഈ ഭാരതപൗരന്റെ വാദം.മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണനുമായി അങ്ങേയറ്റം അടുപ്പമാണ്‌ എബിക്കുണ്ടായിരുന്നത്‌. ഉപരാഷ്‌ട്രപതിയായിരുന്നപ്പോഴും പിന്നീട്‌ രാഷ്‌ട്രപതിയായപ്പോഴും ദല്‍ഹിയില്‍പ്പോകുമ്പോള്‍ നാരായണനെ എബി കാണുമായിരുന്നു. നാരായണന്‍ അന്തരിച്ചപ്പോള്‍ `കെ.ആര്‍. നാരായണന്‍ ഭാരതത്തിന്റെ സൂര്യതേജസ്സ്‌' എന്ന പുസ്‌തകത്തിലൂടെ അദേഹത്തിന്‌ ഒരു അക്ഷരസ്‌മാരകം തീര്‍ത്തു. ഭരണങ്ങാനത്തെ ജീവന്‍ ബുക്‌സാണ്‌ പ്രസാധകര്‍. കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ്‌ എബിയിപ്പോള്‍.വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന പാലാ കവീക്കുന്ന്‌ മൂലയില്‍തോട്ടത്തില്‍ ബേബി ജോസഫിന്റെയും അമ്മിണിയുടെ മൂന്നു മക്കളില്‍ മൂത്തവനാണ്‌ ഈ ദേശസ്‌നേഹി. എബിയുടെ ഭാര്യ സിന്ധു തദേശസ്വയംഭരണ വകുപ്പില്‍ ഉദ്യോഗസ്ഥയാണ്‌. മക്കള്‍ : ലിയ മരിയ, ഡിയ ആന്‍, റിയ എലിസബത്ത്‌.

No comments: