Tuesday, August 19, 2008

ദേശീയപതാകയുടെ കാവല്‍ക്കാരന്‍

ദേശീയപതാകയെ ദുരുപയോഗം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യുന്നത്‌ പാലാ സ്വദേശി എബി ജെ. ജോസ്‌ സഹിക്കില്ല. ദേശീയപതാകയുടെ അന്തസ്സ്‌ ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടവഴിയിലാണിദ്ദേഹം.യാദൃശ്ചികമായാണ്‌ എബിക്ക്‌ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുന്നത്‌. 95-ല്‍ മന്ത്രി എ.സി. ഷണ്‍മുഖദാസിനൊപ്പം ഒരു യാത്ര കഴിഞ്ഞ്‌ കാറില്‍ നിന്നിറങ്ങയപ്പോള്‍ ഡ്രൈവര്‍ കാറിലെ പതാക അഴിച്ചു മാറ്റുന്നു. അതവിടെത്തന്നെയിരുന്നാല്‍ എന്താണു കുഴപ്പം? സൂര്യന്‍ ഉദിച്ചശേഷവും അസ്‌തമിക്കുന്നതിനു മുമ്പുമുള്ള സമയത്തേ ദേശീയപതാക ഉയര്‍ത്താവൂ, ഉപയോഗിക്കാവൂ എന്ന്‌ ഷണ്‍മുഖദാസ്‌ നല്‍കിയ വിശദീകരണം എബിക്ക്‌ പുതിയ അറിവായിരുന്നു. ദേശീയപതാകയുടെ ഉത്ഭവം തുടങ്ങിയുള്ള കൂടുതല്‍ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു ശേഖരിക്കാന്‍ ആരംഭിക്കുകയും തെറ്റായോ അലക്ഷ്യമായോ ദേശീയപതാക ഉപയോഗിക്കുന്നവരെ കഴിഞ്ഞ 13 കൊല്ലമായി ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവരുന്നു.രാത്രി പാറിക്കളിക്കുന്ന ദേശീയപതാകകള്‍ എബി മുമ്പ്‌ കണ്ടിട്ടുണ്ട്‌. ചില സാമൂഹിക സംഘടനകളുടെ രാത്രിയോഗങ്ങളില്‍ ദേശീയപതാകയെ സ്വന്തം സംഘടനയുടെ പതാകയ്‌ക്കൊപ്പം മേശപ്പുറത്ത്‌ കുത്തിയിരിക്കുന്നതും എബിയുടെ കണ്ണില്‍ പതിഞ്ഞു. തലകീഴായി കെട്ടിയ പതാകകള്‍, കീറിപ്പറിഞ്ഞ പതാകകള്‍, പ്ലാസ്റ്റിക്കിലും മറ്റും അച്ചടിച്ച പതാകകള്‍, മുദ്രാവാക്യങ്ങള്‍ ആലേഖനം ചെയ്‌ത ദേശീയപതാകകള്‍... അങ്ങനെയെത്രയെത്ര അപമാനങ്ങള്‍. വ്യക്തമായ തെളിവുകളും രേഖകളും നിരത്തി എബി ഹൈക്കോടതിക്ക്‌ കത്തയച്ചു. അന്നത്തെ ചീഫ്‌ ജസ്റ്റീസ്‌ എ.ആര്‍. ലക്ഷ്‌മണന്‍ പരാതികത്ത്‌ റിട്ട്‌ ഹര്‍ജിയായി പരിഗണിച്ചു. 99-ല്‍ ജസ്റ്റീസ്‌ കെ.എസ്‌. രാധാകൃഷ്‌ണന്റെ ബെഞ്ച്‌ പരാതിക്ക്‌ അനുകൂല വിധി നല്‍കി. അക്കൊല്ലം സ്വാതന്ത്ര്യദിനത്തിനു മുമ്പ്‌ ഓഗസ്റ്റ്‌ 11-ന്‌ കോടതി ദേശീയപതാകയുടെ മഹത്വം എല്ലാവരെയും ഓര്‍മ്മിപ്പിച്ചു. അന്ന്യന്‍ എന്ന തമിഴ്‌സിനിമയുടെ പോസ്റ്ററില്‍ ദേശീയപതാക വികലമായി അച്ചടിച്ചതിനെതിരെ എബി ശക്തമായി പ്രതികരിച്ചു. ഫലമുണ്ടായി. പുതിയ പോസ്റ്ററുകള്‍ ഇറക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഫോര്‍മുല വണ്‍ കാറോട്ടക്കാരനായ നാരായണ്‍ കാര്‍ത്തികേയന്‍ ദേശീയപതാക ദുരുപയോഗം ചെയ്യുന്നുവെന്ന്‌ എബി ചൂണ്ടിക്കാട്ടി. ബാബു എം. പാലിശ്ശേരി എം.എല്‍.എ. വെബ്‌സൈറ്റില്‍ ദേശീയപതാക ഉപയോഗിച്ചതു എബി ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം ദേശീയപതാക പിന്‍വലിക്കുകയുണ്ടായി.എസിലോര്‍ എന്ന കണ്ണട ലെന്‍സ്‌ കമ്പനിയുടെ ടെലിവിഷന്‍ പരസ്യത്തില്‍ ദേശീയപതാക പരസ്യമായി ഉപയോഗിച്ചിരുന്നു. അതു എബിയുടെ പരാതിയെത്തുടര്‍ന്നു പിന്‍വലിച്ചു. സി.ഡി. കുത്തകഭീമന്‍ മോസര്‍ബെയര്‍ ദേശീയപതാക പശ്ചാത്തലമാക്കി `ദേശം' എന്ന സിനിമയുടെ സി.ഡി. പുറത്തിറക്കിയതും സ്‌പൈസ്‌ മൊബൈല്‍ ദേശീയപതാക പരസ്യത്തിനുപയോഗിച്ചതും തെറ്റാണെന്നുകാട്ടി എബി പരാതി ഉന്നയിച്ചപ്പോള്‍ ക്ഷമാപണം നടത്തി ദേശീയപതാക പരസ്യത്തില്‍നിന്നും മാറ്റി. ലോകായുക്തയുടെ സൈറ്റില്‍ ദേശീയപതാക പശ്ചാത്തലമാക്കിയതിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ദേശീയപതാക ദുരുപയോഗം ചെയ്‌തതിനുമെതിരെ പരാതി നല്‍കി കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്‌സിയില്‍ സ്വകാര്യ കമ്പനിയുടെ പരസ്യത്തിനു തിളക്കം നല്‍കുകയും ഇന്ത്യ എന്ന പേരിനു തിളക്കമില്ലാതെ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തതിനെതിരെ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിനും സ്‌പോര്‍ട്‌സ്‌ മന്ത്രാലയത്തിനും പരാതികൊടുത്തിട്ടുണ്ട്‌.തെറ്റായ രീതിയില്‍ ദേശീയപതാക ഉപയോഗിക്കുന്നതിനെതിരെ നൂറുകണക്കിനു പരാതികളാണ്‌ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ചെയര്‍മാനായ എബിയുടെ നേതൃത്വത്തില്‍ നല്‍കിയിട്ടുള്ളത്‌. ടെന്നീസ്‌ താരം സാനിയ മിര്‍സ, ക്രിക്കറ്റ്‌ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, സിനിമാതാരങ്ങളായ മന്ദിരബേദി, ശ്വേതാമേനോന്‍ മോഡല്‍ രാമിനി തുടങ്ങിയവരൊക്കെ ദേശീയപതാകയെ അവഹേളിച്ചപ്പോള്‍ പ്രതിഷേധവുമായി എബി രംഗത്തുവന്നു.സിനിമ, സീരിയല്‍ ഇവയില്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയേയും അവരുടെ കൊടിയും യഥാര്‍ത്ഥമായി ചിത്രീകരിക്കുന്നില്ല. എന്നാല്‍ അശോകചക്രവും ദേശീയപതാകയും യഥാര്‍ത്ഥമായി തന്നെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ എബി. ദേശീയപതാക ദുരുപയോഗിക്കുന്നത്‌ശ്രദ്ധയില്‍പ്പെടുത്താനായി ംംം.ലയ്യഷഷീലെ.യഹീഴുെീ.േരീാഎന്ന പേരില്‍ ഒരു വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്‌.ദേശീയപതാകയെപ്പറ്റി കുട്ടികളില്‍ അവബോധം വളര്‍ത്താന്‍ സ്‌കൂളുകളില്‍ പ്രചാരണമാരംഭിച്ചിരിക്കുകയാണ്‌ എബി. `മിഷന്‍ ഫ്‌ളാഗ്‌' എന്ന്‌ പേരിട്ടിരിക്കുന്ന ഈ പരിപാടിയിലൂടെ ഒരു കൊല്ലം കൊണ്ട്‌ പതിനായിരം സ്‌കൂളുകളില്‍ സന്ദേശമെത്തിക്കുക എന്നതാണ്‌ ലക്ഷ്യം.ദേശീയപതാകയുടെ മഹത്വം പ്രചരിപ്പിക്കുന്നതിനായി `റസ്‌പെക്‌ട്‌ നാഷണല്‍ ഫ്‌ളാഗ്‌ കാമ്പയിനും' എബി തുടക്കം കുറിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ്‌. ദേശീയപതാക ബോധവല്‍ക്കരണത്തിനായി ചില നിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ചുകഴിഞ്ഞു.സ്വതന്ത്ര്യദിനം, റിപ്പബ്ലിക്‌ദിനം പോലെ ദേശീയപതാകദിനം ആചരിക്കുക, ദേശീയപതാകയുടെ മഹത്വത്തെക്കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവബോധമുണ്ടാക്കാന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന പൊതു പരീക്ഷളില്‍ ഒരു ചോദ്യമെങ്കിലും ദേശീയപതാക, ദേശീയഗാനം, ദേശീയചിഹ്നം എന്നിവയെക്കുറിച്ച്‌ ഉള്‍പ്പെടുത്തുക, സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കുക, സ്‌കൂളുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുകയും എല്ലാ ദിവസവും ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം ചെയ്യാന്‍ നിര്‍ദ്ദേശിക്കുക, പാഠ്യപുസ്‌തകങ്ങളുടെ ആമുഖക്കുറിപ്പില്‍ ദേശീയപതാക, ദേശീയഗാനം ഇവയെക്കുറിച്ച്‌ നിര്‍ബന്ധമായും ലഘുവിവരം നല്‍കുക, പി.ആര്‍.ഡി. മുഖാന്തരം ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു വിതരണം നടത്തുക തുടങ്ങിയവയാണ്‌ നിര്‍ദ്ദേശങ്ങള്‍.അധികാരികളും സാധാരണക്കാരും കണ്ടില്ലെന്ന്‌ നടിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ ജനമന:സാക്ഷിക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടി വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ്‌ എബി ജെ. ജോസ്‌. ആരും ഏറ്റെടുക്കാത്ത സാമൂഹ്യപ്രശ്‌നങ്ങളാണ്‌ എബിക്ക്‌ ഇഷ്‌ടം. ഭരണഘടന നല്‍കുന്ന അവകാശങ്ങളെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്ന നാം ഭരണഘടന പൗരനോട്‌ നിര്‍ദ്ദേശിക്കുന്ന കടമകളെ മറന്നു പോകരുതെന്നാണ്‌ ഈ ഭാരതപൗരന്റെ വാദം.മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണനുമായി അങ്ങേയറ്റം അടുപ്പമാണ്‌ എബിക്കുണ്ടായിരുന്നത്‌. ഉപരാഷ്‌ട്രപതിയായിരുന്നപ്പോഴും പിന്നീട്‌ രാഷ്‌ട്രപതിയായപ്പോഴും ദല്‍ഹിയില്‍പ്പോകുമ്പോള്‍ നാരായണനെ എബി കാണുമായിരുന്നു. നാരായണന്‍ അന്തരിച്ചപ്പോള്‍ `കെ.ആര്‍. നാരായണന്‍ ഭാരതത്തിന്റെ സൂര്യതേജസ്സ്‌' എന്ന പുസ്‌തകത്തിലൂടെ അദേഹത്തിന്‌ ഒരു അക്ഷരസ്‌മാരകം തീര്‍ത്തു. ഭരണങ്ങാനത്തെ ജീവന്‍ ബുക്‌സാണ്‌ പ്രസാധകര്‍. കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ്‌ എബിയിപ്പോള്‍.വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന പാലാ കവീക്കുന്ന്‌ മൂലയില്‍തോട്ടത്തില്‍ ബേബി ജോസഫിന്റെയും അമ്മിണിയുടെ മൂന്നു മക്കളില്‍ മൂത്തവനാണ്‌ ഈ ദേശസ്‌നേഹി. എബിയുടെ ഭാര്യ സിന്ധു തദേശസ്വയംഭരണ വകുപ്പില്‍ ഉദ്യോഗസ്ഥയാണ്‌. മക്കള്‍ : ലിയ മരിയ, ഡിയ ആന്‍, റിയ എലിസബത്ത്‌.

Friday, July 18, 2008

ദേശീയപതാകയെ ആദരിക്കുക

എല്ലാ സ്വതന്ത്രരാഷ്‌ട്രങ്ങള്‍ക്കും സ്വന്തം പതാകയും ചിഹ്നങ്ങളും ദേശീയഗാനവുമുണ്ട്‌. ഇവ അതതുരാഷ്‌ട്രങ്ങളുടെ വ്യക്തിത്വത്തിന്റേയും ഐക്യത്തിന്റേയും പ്രതീകങ്ങളാണ്‌. ഓരോ രാഷ്‌ട്രവും അതിന്റെ ദേശീയപതാകയ്‌ക്കും ദേശീയ ചിഹ്നങ്ങള്‍ക്കും ദേശീയഗാനത്തിനും ഉന്നതസ്ഥാനം നല്‍കുന്നു. അവിടുത്തെ ജനങ്ങള്‍ ഇവയെ ആദരിക്കുന്നു.

സ്വതന്ത്രരാഷ്‌ട്രമായ ഇന്ത്യയ്‌ക്കും സ്വന്തമായി ദേശീയപതാകയും ദേശീയ ചിഹ്നങ്ങളും ദേശീയഗാനവും ഉണ്ട്‌. ഇന്ത്യയുടെ ദേശീയപതാക മൂന്നു വര്‍ണ്ണങ്ങളിലുള്ളതാണ്‌. അശോകസ്‌തംഭമാണ്‌ ഇന്ത്യയുടെ ദേശീയചിഹ്നം. രവീന്ദ്രനാഥ ടാഗോര്‍ രചിച്ച `ജനഗണമന'യാണ്‌ ദേശീയഗാനം. ഇവ മൂന്നും ഇന്ത്യയുടെ വ്യക്തിത്വത്തിന്റെയും ഐക്യത്തിന്റേയും പ്രതീകങ്ങളായി നിലകൊള്ളുന്നു. രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യസമരത്തിലൂടെ ഉരുത്തിരിഞ്ഞവയാണ്‌ ഇവ.

വിശേഷദിവസങ്ങളില്‍ ദേശീയപതാക ഉയര്‍ത്തിക്കഴിഞ്ഞശേഷം ദേശീയഗാനം ആലപിക്കപ്പെടുന്നു. പാര്‍ലമെന്റ്‌ മന്ദിരത്തിലും രാഷ്‌ട്രപതിഭവനിലും സെക്രട്ടറിയേറ്റിലും കളക്‌ട്രേറ്റിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്താറുണ്ട്‌. അതുപോലെ തന്നെ മന്ത്രിമാര്‍ ഔദ്യോഗിക യാത്ര നടത്തുമ്പോള്‍ അവരുടെ വാഹനങ്ങളിലും ദേശീയപതാക ഉപയോഗിക്കുന്നു.1947 ജൂലൈ 22-നു ഭരണഘടനാ നിര്‍മ്മാണസമിതി നമ്മുടെ ദേശീയപതാക, ദേശീയപതാകയായി അംഗീകരിച്ചു. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യ പ്രാപ്‌തിയുണ്ടായ 1947 ആഗസ്റ്റ്‌ 15-നു ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു ആണ്‌ ആദ്യം ദേശീയപതാക ഉയര്‍ത്തിയത്‌.

നമ്മുടെ ദേശീയപതാകയ്‌ക്ക്‌ മുകളിലും മദ്ധ്യത്തിലും താഴെയുമായി ഒരേ വലിപ്പത്തിലുള്ള മൂന്നു ഭാഗങ്ങളുണ്ട്‌. ഈ ഭാഗങ്ങള്‍ യഥാക്രമം കുങ്കുമം, വെളുപ്പ്‌, പച്ച എന്നീ വ്യത്യസ്‌തനിറങ്ങളിലുള്ളവയാണ്‌. പതാകയുടെ നടുവില്‍ വെള്ള നിറമുള്ള ഭാഗത്ത്‌ മദ്ധ്യത്തില്‍ `നേവീ ബ്ലൂ' നിറത്തില്‍ അശോകചക്രം ചേര്‍ത്തിട്ടുണ്ട്‌. ദേശീയപതാക മൂന്നു വ്യത്യസ്‌ത നിറങ്ങളിലുള്ളതിനാല്‍ ത്രിവര്‍ണ്ണപതാകയെന്നും വിളിക്കപ്പെടുന്നു.

ദീര്‍ഘചതുരാകൃതിയിലുള്ളതാണ്‌ ഇന്ത്യന്‍ ദേശീയപതാക. ഇതിന്റെ വലിപ്പം 3:2 എന്ന അനുപാതത്തിലാണ്‌. ഈ അനുപാതമനുസരിച്ചാണ്‌ പതാക തയ്യാറാക്കുന്നത്‌. അതായത്‌ 30 ഇഞ്ച്‌ നീളമുണ്ടെങ്കില്‍ 20 ഇഞ്ച്‌ വീതി ഉണ്ടായിരിക്കണം. പതാകയ്‌ക്ക്‌ മൂന്നു തുല്യഭാഗങ്ങളുള്ളതില്‍ മുകളിലത്തെ ഭാഗത്തിനു കൊടുത്തിരിക്കുന്ന കുങ്കുമനിറം പല കാര്യങ്ങളുടേയും ഓര്‍മ്മകളുടേയും പ്രതീകമാണ്‌. നമ്മുടെ മഹത്തായ ചരിത്രത്തേയും പാരമ്പര്യത്തേയും ഇത്‌ അനുസ്‌മരിപ്പിക്കുന്നു. പുരാതന കാലത്ത്‌ രണഭൂമിയിലേയ്‌ക്ക്‌ പോകുന്ന രജപുത്രവീരന്മാര്‍ ധരിച്ചിരുന്ന വേഷം കുങ്കുമനിറത്തിലുള്ളതായിരുന്നു. സര്‍വ്വാംഗത്യാഗികളായ സന്ന്യാസിമാരും ഈ നിറമാണ്‌ ഉപയോഗിച്ചിരുന്നത്‌. അതുകൊണ്ട്‌ ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമായി ഈ നിറം കണക്കാക്കപ്പെടുന്നു. നമ്മുടെ രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടത്തിയവരും സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരുമായ മഹാന്മാരുടെ ത്യാഗത്തേയും രാജ്യസ്‌നേഹത്തേയും അത്‌ ഓര്‍മ്മിപ്പിക്കുന്നു.
പതാകയുടെ മദ്ധ്യഭാഗത്തിന്‌ പൂര്‍ണ്ണ വെളുപ്പ്‌ നിറമാണ്‌. വെളുപ്പ്‌ സമാധാനത്തിന്റെ പ്രതീകമാണ്‌. സത്യത്തേയും, പരിശുദ്ധിയേയും ഇതു കാണിക്കുന്നു. സത്യം വാക്കിലും, പ്രവര്‍ത്തിയിലും പരിശുദ്ധി വിചാരങ്ങളിലും ഉണ്ടായിരിക്കണമെന്നാണ്‌ എല്ലാ മതതത്വങ്ങളും നമ്മെ പഠിപ്പിക്കുന്നത്‌. വെള്ളനിറം പരിശുദ്ധി, ലാളിത്യം, സത്യം എന്നിവയുടെ പ്രാധാന്യം എപ്പോഴും നമ്മെ അനുസ്‌മരിപ്പിക്കുന്നു.

കടുംപച്ച നിറമാണ്‌ പതാകയുടെ താഴെയുള്ള ഭാഗത്തിന്‌ നല്‍കിയിരിക്കുന്നത്‌. പച്ചനിറം വിശ്വാസത്തിന്റെ പ്രതീകമാണ്‌. പ്രകൃതി നമ്മുടെ രാഷ്‌ട്രത്തെ ഒന്നാംതരം വളക്കൂറുള്ള മണ്ണു നല്‍കി അനുഗ്രഹിച്ചിരിക്കുന്നുവെന്നാണ്‌ പച്ചനിറം കൊണ്ട്‌ നാം മനസ്സിലാക്കേണ്ടത്‌. പട്ടിണി-ദാരിദ്ര്യങ്ങള്‍ക്കെതിരായി പടവെട്ടുന്നതിന്‌ ഈ ഭൂമിയില്‍ കഠിനാദ്ധ്വാനം ചെയ്യണമെന്നും അതു വിജയത്തിലേയ്‌ക്ക്‌ നമ്മെ നയിക്കുമെന്നുള്ള വിശ്വാസം ഉണ്ടായിരിക്കണമെന്നും ഈ പച്ചനിറം ഓര്‍മ്മിപ്പിക്കുന്നു.
നമ്മുടെ ചരിത്രവും പാരമ്പര്യവും സുവര്‍ണ്ണകാലങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുകയും സത്യസന്ധതയും പരിശുദ്ധവിചാരങ്ങളും വച്ചു പുലര്‍ത്തുന്നതിനും രാഷ്‌ട്രപുരോഗതിക്കായി അദ്ധ്വാനിക്കുവാനും ഈ ത്രിവര്‍ണ്ണങ്ങള്‍ നമുക്ക്‌ പ്രേരണ നല്‍കുന്നു.
ദേശീയപതാകയുടെ നടുവിലായി `നേവീ ബ്ലൂ' നിറത്തില്‍ കൊടുത്തിരിക്കുന്ന ചക്രം പുരാതന പ്രസിദ്ധമായ അശോകസ്‌തംഭത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്‌. ബനാറസിനടുത്തുള്ള സാരനാഥ്‌ എന്ന സ്ഥലത്ത്‌ അശോകചക്രവര്‍ത്തി സ്ഥാപിച്ചിട്ടുള്ളതാണ്‌ ഈ സ്‌തംഭം. ശ്രീ ബുദ്ധന്റെ ഒന്നാമത്തെ ധര്‍മ്മോപദേശത്തിന്റെ ഓര്‍മ്മയ്‌ക്കാണ്‌ ഈ സ്‌തംഭം പണികഴിപ്പിച്ചിട്ടുള്ളത്‌. അശോകചക്രവര്‍ത്തിയുടെ `ലയണ്‍ ക്യാപ്പിറ്റല്‍' എന്നും ഈ സ്‌തംഭം അറിയപ്പെടുന്നു.

അശോകചക്രത്തിന്‌ 24 ആരക്കാലുകളാണുള്ളത്‌. ധര്‍മ്മത്തിന്റെ പ്രതീകമാണിത്‌. പതാകയിലുള്ള അശോകചക്രത്തിന്റെ വലിപ്പം പതാകയിലെ വെള്ളനിറമുള്ള ഭാഗത്തിന്റെ വീതിക്ക്‌ തുല്യമാണ്‌. ചലനത്തേയും പുരോഗതിയേയുമാണ്‌ അശോകചക്രം പ്രതിനിധാനം ചെയ്യുന്നത്‌. ജനങ്ങള്‍ ശരിയായും സത്യസന്ധമായും ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ മുന്നേറുന്നതിനു ഈ അശോകചക്രം പ്രചോദനം നല്‍കുന്നു. ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കാന്‍ അശോകചക്രത്തിന്‌ സാധിക്കുന്നു.

നമ്മുടെ രാഷ്‌ട്രശില്‌പികള്‍ നടത്തിയിട്ടുള്ള സ്വാതന്ത്ര്യസമരത്തെക്കുറിച്ചാണ്‌ ദേശീയപതാക ഓര്‍മ്മിപ്പിക്കുന്നത്‌. സ്വാതന്ത്ര്യസമരത്തിന്‌ മുഖ്യപങ്ക്‌ വഹിച്ചിട്ടുള്ളത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ആണ്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതാക ദേശീയപതാക പോലെ മൂന്നുവര്‍ണ്ണങ്ങളിലുള്ളതും അശോകചക്രത്തിന്റെ സ്ഥാനത്ത്‌ ചര്‍ക്കചിഹ്നമുള്ളതുമായിരുന്നു. ദേശീയപതാകയില്‍ ചര്‍ക്കയ്‌ക്കുപകരം അശോകചക്രം ചേര്‍ക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു ആണ്‌ നിര്‍ദ്ദേശിച്ചത്‌. ഇതു ഭരണഘടനാനിര്‍മ്മാണസമിതി
അംഗീകരിക്കുകയായിരുന്നു.

ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്ത്‌ ഇന്ത്യയിലും വിദേശത്തുമുള്ള ഏതാനും ഇന്ത്യാക്കാര്‍ ഉപയോഗിച്ചിരുന്ന പതാകയ്‌ക്കും മൂന്നു നിറങ്ങളാണുണ്ടായിരുന്നത്‌. എട്ടു നക്ഷത്രങ്ങളുള്ള കുങ്കുമനിറം, വന്ദേമാതരം എന്നെഴുതിയിട്ടുള്ള വെള്ളനിറം, ഇടതുഭാഗത്ത്‌ സൂര്യനും, വലതുഭാഗത്ത്‌ ചന്ദ്രനുമുള്ള പച്ചനിറം എന്നിങ്ങനെയായിരുന്നു ഇത്‌. എന്നാല്‍ ഈ പതാകയ്‌ക്ക്‌ പൊതുവില്‍ അംഗീകാരം ലഭിച്ചിരുന്നില്ല.

1916-ല്‍ ഹോംറൂള്‍ പ്രസ്ഥാനകാലത്ത്‌ മറ്റൊരു രീതിയിലുള്ള പതാക ഉപയോഗിക്കാന്‍ തുടങ്ങി. ചുവപ്പ്‌, പച്ച എന്നീ നിറങ്ങളിലുള്ളതായിരുന്നു ഇത്‌. പച്ചനിറത്തില്‍ നാലും ചുവപ്പുനിറത്തില്‍ അഞ്ചും വരകള്‍, വലിയ ഒരു കരടിയുടെ ചിഹ്നം, പതാകയുടെ മുകളില്‍ ഇടതുഭാഗത്തായി വലിപ്പം കുറഞ്ഞ ബ്രിട്ടീഷ്‌ പതാക (യൂണിയന്‍ ജാക്ക്‌). ഈ പതാകയും അംഗീകരിക്കപ്പെട്ടില്ല.

1921-ല്‍ മഹാത്മാഗാന്ധി വെള്ള, പച്ച, ചുവപ്പ്‌ നിറങ്ങളിലുള്ള പതാക ചര്‍ക്ക ചേര്‍ത്തു കോണ്‍ഗ്രസ്സിന്റെ വിജയവാഡ സമ്മേളനത്തില്‍ അവതരിപ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. 31-ലെ കറാച്ചി സമ്മേളനത്തിനുശേഷം കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മിറ്റി പതാക ഉണ്ടാക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ്‌ കുങ്കുമ വര്‍ണ്ണത്തിലുള്ള പതാകയ്‌ക്കു വേണ്ടിയുള്ള നിര്‍ദ്ദേശം കൊണ്ടുവന്നത്‌. പതാകയുടെ മുകളില്‍ ഇടതുവശത്ത്‌ ഒരു ചര്‍ക്കയുടെ ചിത്രം ഉണ്ടായിരിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശം വര്‍ക്കിംഗ്‌ കമ്മിറ്റി നിരാകരിക്കുകയാണുണ്ടായത്‌.
മഹാത്മാഗാന്ധി 1921-ല്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള പതാകയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള പതാക സ്വീകരിക്കുന്നതിന്‌ 1931 ആഗസ്റ്റില്‍ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മിറ്റി തീരുമാനിച്ചു.

പതാകയുടെ വലിപ്പം 3:2 എന്ന ക്രമത്തിലാവണമെന്നും കുങ്കുമം, വെള്ള, പച്ച എന്നീ മൂന്നു നിറങ്ങള്‍ പതാകയ്‌ക്കുണ്ടായിരിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. മദ്ധ്യേഭാഗത്തെ വെള്ള നിറമുള്ള ഭാഗത്ത്‌ നീല നിറത്തില്‍ ചര്‍ക്കയുടെ ചിത്രം ചേര്‍ക്കാനും തീരുമാനമായി. പിന്നീട്‌ ബോംബെയില്‍ കൂടിയ കോണ്‍ഗ്രസ്‌ കമ്മിറ്റി പതാകയിലെ കുങ്കുമനിറം ധൈര്യം, ത്യാഗം, വെള്ളനിറം സത്യം, സമാധാനം, പച്ചനിറം വിശ്വാസം, ശക്തി എന്നിവയെ സൂചിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. 1947 ജൂലൈ 22-നാണ്‌ പതാകയുടെ മദ്ധ്യത്തില്‍ ചര്‍ക്കയ്‌ക്കു പകരം അശോകചക്രം ചേര്‍ക്കുവാനുള്ള നെഹ്‌റുവിന്റെ നിര്‍ദ്ദേശം ഭരണഘടനാനിര്‍മ്മാണസമിതി അംഗീകരിച്ചത്‌. അതിനുശേഷം ദേശീയപതാകയ്‌ക്ക്‌ ഒരു മാറ്റവും വരുത്തിയിട്ടില്ല.

1929 ഡിസംബറില്‍ ലാഹോറില്‍ നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ദേശീയപതാക ഉയര്‍ത്തക്കൊണ്ട്‌ ജവഹര്‍ലാല്‍ നെഹ്‌റു ചെയ്‌ത പ്രസംഗത്തില്‍ നിന്നും ദേശീയപതാകയുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്‌. ``ഞാന്‍ ഭാരതത്തിന്റെ ദേശീയപതാക ഈ നിമിഷം ഉയര്‍ത്തിയതേയുള്ളൂ. ഈ പതാകയുടെ അര്‍ത്ഥം എന്താണ്‌? ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അടയാളങ്ങളില്‍ ഒന്നാണിത്‌. ഇത്‌ ഇന്ത്യയുടെ ഐക്യത്തിന്റെ ഒരു ചിഹ്നമാണ്‌. ഓര്‍മ്മിക്കുക ഒരു രാജ്യത്തിന്റെ പതാക ഉയര്‍ത്തിക്കഴിഞ്ഞാല്‍ ആ രാജ്യത്ത്‌ ഒരാളെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ആ പതാക താഴാന്‍ പാടില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധത്തില്‍ വലിയൊരു പടി കൂടി മുന്നേറാന്‍ പോവുകയാണ്‌. ഇന്ന്‌ ഈ പതാക ഉയര്‍ത്തിയപ്പോള്‍ ഇത്‌ താഴ്‌ത്തപ്പെടുകയില്ലെന്ന നിശ്ചയം നിങ്ങളില്‍ ആളിക്കത്തുന്നില്ലേ. ഞാന്‍ നിങ്ങളോട്‌ ആവശ്യപ്പെടുന്നത്‌ ഈ പതാക സംരക്ഷിക്കുന്നതിനുവേണ്ട കരുത്ത്‌ നിങ്ങള്‍ക്കുണ്ടെന്നും സ്വാതന്ത്ര്യത്തിനുവേണ്ടി നിങ്ങളുടെ ജീവന്‍ ത്യജിക്കാന്‍ നിങ്ങള്‍ ഒരുക്കമാണെന്നും പ്രതിജ്ഞയെടുക്കുന്നതിനാണ്‌. ഇന്ന്‌ നിങ്ങള്‍ ഏത്‌ കൊടിക്കീഴിലാണോ നില്‍ക്കുന്നത്‌, ഏതിനെയാണോ നിങ്ങളിപ്പോള്‍ അഭിവാദനം ചെയ്‌തത്‌, ആ കൊടി ഒരു സമുദായത്തിന്റെയും കൊടിയല്ല. ഒരു രാഷ്‌ട്രത്തിന്റെ പതാകയാണ്‌. ഏതെങ്കിലും പ്രത്യേക സമുദായത്തിനുവേണ്ടി രാഷ്‌ട്രത്തിന്‌ ഹാനികരമായി നിങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്‌തത്‌ തെറ്റാണ്‌. ഇന്ന്‌ ഈ കൊടിക്കീഴില്‍ നില്‍ക്കുന്ന എല്ലാവരും ഇന്ത്യാക്കാരാണ്‌. ഹിന്ദുക്കളല്ല, മുസ്ലീങ്ങളല്ല; ഇന്ത്യാക്കാര്‍, സന്നദ്ധഭടന്മാര്‍. ഇന്ന്‌ ഈ പതാകയെ അഭിവാദ്യം ചെയ്‌തവര്‍ അതിന്റെ അന്തസ്സിനുവേണ്ടി ജീവാര്‍പ്പണം ചെയ്യുവാന്‍ ഒരുക്കമായിരിക്കണം. ഒരിക്കല്‍ക്കൂടി ഓര്‍മ്മിക്കുക. പാറിപ്പറക്കുന്ന ഈ പതാക താഴ്‌ത്തപ്പെടാന്‍ ഏതെങ്കിലും ഒരു ഇന്ത്യാക്കാരന്‍ സ്‌ത്രീയോ, പുരുഷനോ, കുട്ടിയോ ജീവിച്ചിരിക്കുന്നിടത്തോളം പാടില്ല.''

ദേശീയപതാക പോലെ ദേശീയ ചിഹ്നത്തിനും പ്രാധാന്യമുണ്ട്‌. നമ്മുടെ ദേശീയ ചിഹ്നമായ അശോകസ്‌തംഭം സര്‍ക്കാരിന്റെ പുസ്‌തകങ്ങളിലും കത്തുകളിലും കറന്‍സിനോട്ടുകളിലും നാണയങ്ങളിലും മുദ്രണം ചെയ്‌തിട്ടുണ്ട്‌. അശോകസ്‌തംഭത്തില്‍ നാലു സിംഹങ്ങളുടെ പ്രതിമകളുണ്ടെങ്കിലും മൂന്ന്‌ സിംഹങ്ങളെ മാത്രമേ ഏക ദിശയില്‍ നോക്കിയില്‍ കാണാന്‍ സാധിക്കുകയുള്ളൂ. സ്‌തംഭത്തിലെ ചിത്രത്തിന്റെ വലതുഭാഗത്ത്‌ ഒരു കാളയുടെയും ഇടതുഭാഗത്ത്‌ ഒരു കുതിരയുടെയും രൂപമുണ്ട്‌. ഈ ചിഹ്നത്തില്‍ വലതുഭാഗത്തും ഇടതുഭാഗത്തും മറ്റു ചക്രങ്ങളുടെ നേരിയ രേഖകളും ഇടതുഭാഗത്ത്‌ കിരീത്തിനു താഴെ `സത്യമേവ ജയതേ' എന്ന ദേവനാഗരിയിലുള്ള വാക്യം എഴുതിയിരിക്കുന്നതും കാണാനാവും.

ദേശീയ ചിഹ്നത്തിലെ ചക്രം പുരോഗതിയിലേയ്‌ക്കുള്ള ചലനത്തിന്റെ പ്രതീകമാണ്‌. സിംഹങ്ങള്‍ ശക്തിയേയും ഗാംഭീര്യത്തേയും പ്രതിനിധീകരിക്കുന്നു. കാള ദൃഢനിശ്ചയത്തേയും കഠിനാദ്ധ്വാനത്തേയും കുതിര വേഗതയേയും ശക്തിയേയും സൂചിപ്പിക്കുന്നു. കലിംഗയുദ്ധത്തിനുശേഷം അശോകചക്രവര്‍ത്തി സാഹോദര്യത്തിലും സമാധാനത്തിലും അഹിംസയിലും അടിയുറച്ചു വിശ്വസിക്കുന്നതിന്‌ ഇടയായി. ശ്രീബുദ്ധന്റെ സാരോപദേശങ്ങളാണ്‌ ഇതിന്‌ കാരണമായത്‌. ശ്രീ ബുദ്ധന്റെ സാരോപദേശങ്ങളിലെ സത്തായ സാഹോദര്യം, സമാധാനം, അഹിംസ എന്നീ ആശയങ്ങള്‍ ലോകമാകെ പ്രചരിപ്പിക്കുന്നതിന്‌ അശോകചക്രവര്‍ത്തി ശ്രമിക്കുകയും ചെയ്‌തു. അശോകസ്‌തംഭം ദേശീയ ചിഹ്നമായി സ്വീകരിച്ചതിലൂടെ സാഹോദര്യത്തിലും സമാധാനത്തിലും അഹിംസയിലുമുള്ള അചഞ്ചലമായ വിശ്വാസം രേഖപ്പെടുത്തുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. ഗവണ്‍മെന്റിന്റെ ആത്മാവാണ്‌ ഈ ചിഹ്നം.

ദേശീയപതാകയും ദേശീയചിഹ്നവും പോലെ ദേശീയഗാനവും ഐക്യത്തിന്റെ പ്രതീകമാണ്‌. വിശ്വപ്രസിദ്ധനായ രവീന്ദ്രനാഥടാഗോറാണ്‌ നമ്മുടെ ദേശീയഗാനം ചേര്‍ന്നിട്ടുള്ള മൂലഗാനം എഴുതിയത്‌. 1911 ഡിസംബര്‍ 27-ലെ കല്‍ക്കത്ത സമ്മേളനത്തിലാണ്‌ ഇത്‌ ആദ്യമായി വായിച്ചത്‌. പിന്നീട്‌ പല ഗാനങ്ങളും ദേശീയഗാനമായി പരിഗണിക്കുന്നതിന്‌ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും പാര്‍ലമെന്റ്‌ 1950 ജനുവരി 24-ന്‌ രവീന്ദ്രനാഥടാഗോര്‍ എഴുതിയ `ജനഗണമന' എന്നു തുടങ്ങുന്ന ഗാനം ദേശീയഗാനമായി തെരഞ്ഞെടുക്കകയായിരുന്നു. മാതൃഭൂമിയെ പുകഴ്‌ത്തിക്കൊണ്ടുള്ള ഈ മനോഹരഗാനം ദേശീയ ഐക്യത്തിന്റെയും സഹിഷ്‌ണുതയുടെയും സന്ദേശമാണ്‌ നല്‍കുന്നത്‌. മൂലകവിത അഞ്ചു ശ്ലോകങ്ങള്‍ ചേര്‍ന്നതാണ്‌. അതില്‍ ഒന്നാമത്തെ ശ്ലോകമാണ്‌ ദേശീയഗാനമായി അംഗീകരിച്ചിട്ടുള്ളത്‌.

ദേശീയഗാനം ആലപിക്കുമ്പോള്‍ ഓരോരുത്തരും നിശബ്‌ദതയോടെ എഴുന്നേറ്റ്‌ നില്‍ക്കണം. സംസാരിക്കരുത്‌. അര്‍ത്ഥം മനസ്സിലാക്കി ശരിയായ രീതിയില്‍ ദേശീയഗാനം ആലപിക്കേണ്ടതാണ്‌. കഴുത്ത്‌ നേരെ പിടിച്ച്‌ മുഖം മുകളിലേയ്‌ക്കല്‌പം ഉയര്‍ത്തി മിഴികള്‍ മുകളിലേയ്‌ക്കാക്കി ആയിരിക്കണം നില്‍ക്കേണ്ടത്‌.വിദ്യാര്‍ത്ഥികളില്‍ ദേശീയബോധം ഉണര്‍ത്തുക എന്ന കാഴ്‌ചപ്പാടോടെയാണ്‌ സ്‌കൂളുകളില്‍ അസംബ്ലിക്ക്‌ ദേശീയഗാനാലാപനം ചേര്‍ത്തിരിക്കുന്നത്‌.

ദേശീയപതാക രാഷ്‌ട്രത്തിന്റെ ആത്മാവിനെ, പാരമ്പര്യത്തെ, സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നു. പരമാധികാരത്തേയും ഐക്യത്തേയും ഉയര്‍ത്തിപ്പിടിക്കുന്നു. ഭാരതരാഷ്‌ട്രത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, രാജ്യാഭിമാനത്തിന്റെ, നീതിയുടെ, ധര്‍മ്മത്തിന്റെ പ്രതീകമാണ്‌ ത്രിവര്‍ണ്ണപതാകയെന്നോര്‍ത്താല്‍ മതി; അതിനെ യഥാവിധി ആദരിക്കാതിരിക്കാന്‍ നമുക്കാവില്ല.
സ്വാതന്ത്ര്യദിനത്തിലും മറ്റും സര്‍വ്വോന്നതസ്ഥാനം ധര്‍മ്മചക്രാങ്കിതമായ ത്രിവര്‍ണ്ണപതാകയ്‌ക്കാണ്‌ നല്‍കി വരുന്നത്‌. ഇത്തരം ദേശീയദിനങ്ങളില്‍ വലിയ നിയന്ത്രണമൊന്നുമില്ലാതെ തന്നെ ദേശീയപതാക ഉപയോഗിക്കാറുണ്ട്‌. അത്‌ അനുവദനീയമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. അതിന്റെ ഫലമായിട്ടാണെന്നും കരുതപ്പെടുന്നു ദേശീയപതാക ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ വിസ്‌മരിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഇതു തെറ്റാണ്‌. ദേശീയപതാക ഉപയോഗിക്കേണ്ടത്‌ എങ്ങനെ എന്നത്‌ സംബന്ധിച്ച്‌ പതാകചട്ടങ്ങളിലും ദേശാഭിമാനനിയമത്തിലും ഔദ്യോഗിക ചിഹ്ന-നാമ (അനുചിതോപയോഗ നിരോധന) നിയമത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. ഇത്‌ അനുസരിക്കാന്‍ ഓരോ ഇന്ത്യക്കാരനും കടമയുണ്ട്‌.

ദേശീയപതാക ഉയര്‍ത്തി പറപ്പിക്കുമ്പോള്‍ അത്‌ ഏറ്റവും മാന്യമായ സ്ഥാനത്തായിരിക്കണം. ആ സ്ഥാനമാണ്‌ മാന്യം എന്ന്‌ വ്യക്തമാക്കിയിരിക്കുകയും വേണം. കെട്ടിടത്തിന്റെ മുകളിലാണ്‌ പതാക പറക്കുന്നതെങ്കില്‍ ഞായറാഴ്‌ചകളും അവധി ദിവസങ്ങളും ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും എല്ലാ കാലാവസ്ഥയിലും സൂര്യോദയം മുതല്‍ സൂര്യാസ്‌തമയം വരെ അത്‌ പറന്നുകൊണ്ടേയിരിക്കണം. പതാക ഉയര്‍ത്തുന്നത്‌ വേഗത്തിലും താഴ്‌ത്തുന്നത്‌ സാവധാത്തിലും ആദരവോടെയും ആയിരിക്കണം. ലംബമായ സ്‌തംഭത്തിലാണ്‌ പതാക ഉയര്‍ത്തുന്നതെങ്കില്‍ കുങ്കുമവര്‍ണ്ണം മുകളിലും തിരശ്ചീനമായി തൂക്കിയിടുകയാണെങ്കില്‍ കുങ്കുമവര്‍ണ്ണം വലതുവശത്തും (പതാകയ്‌ക്കഭിമുഖമായി നില്‍ക്കുന്ന ആളുടെ ഇടത്‌) ആയിരിക്കണം. പ്രതിമകളുടെയോ സ്‌മാരകങ്ങളുടെയോ മറയായി ത്രിവര്‍ണ്ണപതാക ഉപയോഗിക്കരുത്‌. കേടു വന്നതോ മുഷിഞ്ഞതോ ആയ പതാക പുറത്ത്‌ കാണിക്കരുത്‌. ആരെയും ഒന്നിനെയും പതാക താഴ്‌ത്തി അഭിവാദ്യം ചെയ്യരുത്‌. ദേശീയപതാക ഉയര്‍ത്തിയ കൊടിമരത്തില്‍ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റേതെങ്കിലും പതാകയോ തോരണമോ പൂവോ മാലയോ ഒന്നും കെട്ടരുത്‌. നിയമം അനുവദിക്കുന്ന ചില സന്ദര്‍ഭങ്ങളിലൊഴിച്ച്‌ ഒരിക്കലും ദേശീയപതാകയുടെ വശങ്ങളിലും തുല്യ ഉയരത്തില്‍ മറ്റൊന്നും കെട്ടരുത്‌. തോരണമായോ മറ്റേതെങ്കിലും അലങ്കാരവസ്‌തുവായോ പതാക ഉപയോഗിക്കാന്‍ അനുവാദമില്ല. ദേശീയപതാകയെന്നു തോന്നുമാറ്‌ വര്‍ണ്ണത്തുണികള്‍ പ്രദര്‍ശിപ്പക്കുകയും ചെയ്യാന്‍ പാടില്ല. ദേശീയ-സൈനിക ബഹുമതികളോടുകൂടിയ ശവസംസ്‌കാരങ്ങളിലൊഴികെ ഒരവസരത്തിലും ദേശീയപതാക ആവരണമായി ഉപയോഗിക്കരുത്‌. കേടുവരാനോ പൊടിയും ചെളിയും പുരളാനോ ഇടയാകുന്ന വിധം പതാക വയ്‌ക്കരുത്‌. കേടു വരുകയോ അഴുക്കാകുയോ ചെയ്‌ത പതാക അങ്ങുമിങ്ങുമിടാന്‍ പാടില്ല. രഹസ്യമായി കത്തിച്ചോ മറ്റോ നശിപ്പിച്ചു കളയണം. പതാകയില്‍ ഒന്നും എഴുതരുത്‌. പരസ്യത്തിന്‌ ഉപയോഗിക്കരുത്‌. പതാക ഉയര്‍ത്തിയ കൊടിമരത്തില്‍ പരസ്യങ്ങള്‍ പതിക്കുകയോ കെട്ടിത്തൂക്കുകയോ അരുത്‌. വാണിജ്യ-വ്യവസായ തൊഴില്‍ സ്ഥാപനങ്ങളില്‍ ദേശീയപതാകയോ തനിപ്പകര്‍പ്പോ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ല. സൂര്യാസ്‌തമയത്തിനു ശേഷം പതാക അഴിച്ചു മാറ്റണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51/ A പ്രകാരം ദേശീയപതാകയെ ആദരിക്കുക എന്നത്‌ ഓരോ പൗരന്റെയും കടമ കൂടിയാണ്‌. ദേശീയപതാകയോ ഭരണഘടനയോ ഏതെങ്കിലും വിധത്തില്‍ അപമാനിക്കുകയോ ലിഖിതമോ വദിതമോ ആയ വാക്കുകള്‍ കൊണ്ട്‌ നിന്ദിക്കുകയോ ചെയ്യുന്നത്‌ മൂന്നു വര്‍ഷം വരെ തടവോ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌. ദേശീയപതാകയുടെ ഉപയോഗക്രമം സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഫ്‌ളാഗ്‌ കോഡ്‌ പുറത്തിറക്കിയിട്ടുണ്ട്‌.

ഭാരതത്തിലെ പുരുഷന്മാരും സ്‌ത്രീകളും സ്വാതന്ത്ര്യത്തിനുവേണ്ടി ചെയ്‌ത ത്യാഗങ്ങളെ ദേശീയപതാക നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എവിടെ ദേശീയപതാക ഉപയോഗിക്കുന്നുവോ അവിടെ സര്‍വ്വമാന്യമായ സ്ഥാനം അതിനായിരിക്കും. പതാകയിലെ നിറങ്ങള്‍ കലര്‍പ്പില്ലാതെ, മങ്ങലില്ലാതെ പ്രകാശിക്കുകയും വേണം.


എബി ജെ. ജോസ്‌
ചെയര്‍മാന്‍
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍
കിഴതടിയൂര്‍ പി.ഒ., പാലാ - 686 574
കോട്ടയം, കേരള
------------------------------